
ചിട്ടി ലോണിനെക്കാൾ ലാഭമോ?
അതോ മാർക്കറ്റിങ് പുകമറയോ ?
ഏതൊരാളുടെയും മനസ്സിൽ പെട്ടെന്ന് വരുന്ന ഉത്തരം "ലാഭമാണ്" എന്നായിരിക്കും.
ഈ ഉത്തരം ആളുകൾ പറയാൻ കാരണം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലോ ഡാറ്റയുടെ പിൻബലത്തിലോ ആയിരിക്കില്ല.
"ചിട്ടി ലോണിനെക്കാൾ ലാഭമാണ്" എന്ന ചിട്ടി കമ്പനികളുടെ പരസ്യത്തിന്റെ സ്വാധീനം ആളുകളുടെ മനസ്സിൽ അത്തരത്തിൽ ഒരു ചിന്ത ഉണ്ടാകുക മാത്രമാണ് ചെയ്യുന്നത്.
ചിട്ടി ലാഭമാണ് എന്ന് പറയുന്ന "ചിട്ടി കമ്പനി" എപ്പോഴെങ്കിലും കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ, ചിട്ടി ലോണിനെക്കാൾ
ലാഭമാണ് എന്ന് പറയുന്നത് എവിടെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ?
കാണില്ല. കാരണം അങ്ങനെ പറയാൻ കഴിയില്ല. കാടടച്ച് വെടിവെക്കുക എന്ന് പറയുന്നതുപോലെ, ചിട്ടി ലോണിനെക്കാൾ ലാഭമാണ് എന്ന് തട്ടിവിടുകയാണ് ചെയ്യുക.
കാരണം,
ചിട്ടി കമ്പനിക്ക് അറിയാം ഇത് കേൾക്കുന്ന ഭൂരിഭാഗം ആളുകളും കണക്കൊന്നും കൂട്ടി നോക്കില്ല/അല്ലെങ്കിൽ കണക്കുകൂട്ടാൻ അറിയില്ല എന്ന്.
പലപ്പോഴും ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാൽ നമുക്കൊന്നു കണക്കുകൂട്ടി നോക്കാം, ചിട്ടി ലോണിനെക്കാൾ ലാഭമാണോ?
ഈ കണക്കുകൂട്ടാൻ KSFE ചിട്ടിയുടെ ഒരു പരസ്യത്തിലുള്ള ഡാറ്റയാണ് ഉപയോഗിക്കുന്നത്. പരസ്യം കമന്റിൽ ഉണ്ടാകും. നിങ്ങൾക്ക് അത് പരിശോധിക്കാവുന്നതാണ്.
50 ലക്ഷത്തിന്റെ 100 മാസത്തെ ചിട്ടി.
ആദ്യം ചിട്ടി കിട്ടുന്ന ആൾക്ക് കമ്മീഷൻ + GST കഴിഞ്ഞ് 34,55,000 രൂപ ലഭിക്കും.
ഇവിടെ ശ്രദ്ധിക്കുക, ക്യാഷ് ആവശ്യമുള്ള എല്ലാവർക്കും ആദ്യത്തെ ചിട്ടി കിട്ടില്ല. ചിട്ടിയിലുള്ള ഒരു ഭാഗ്യവാന് ആദ്യത്തെ ചിട്ടി കിട്ടും.
100 ആൾ ഉള്ള ചിട്ടിയിൽ ചേർന്നാൽ നിങ്ങൾക്ക് ആദ്യ ചിട്ടി കിട്ടാനുള്ള സാധ്യത 1% ആണ്.
ഈ ഭാഗ്യവാന് എത്ര ശതമാനത്തിന് ലോൺ ലഭിച്ചതുപോലെയാണ് എന്ന് നമുക്ക് കണക്ക് കൂട്ടി നോക്കാം.
ചിട്ടി കിട്ടിയ തുക മുഴുവൻ ലോൺ അല്ല. ഒരു അടവ് അദ്ദേഹം അടച്ചു, അതിനേക്കാൾ കൂടുതൽ ലഭിച്ചതാണ് ലോൺ തുക.
NB: ചിട്ടി ടോട്ടൽ അടവ് വരിക 43 ലക്ഷം രൂപയായിരിക്കും.മാസത്തിൽ ആവറേജ് അടവ് 43,000 രൂപ. ഇവിടെ ആവറേജായി മാത്രമേ മാസ അടവ് കണക്കുകൂട്ടാൻ കഴിയൂ. എന്നാൽ കൃത്യം കണക്കുകൂട്ടണമെങ്കിൽ തീർന്ന ചിട്ടിയുടെ ഓരോ മാസത്തേയും ക്യാഷ് ഫ്ലോ വെച്ച് വെവ്വേറെ കൂട്ടേണ്ടി വരും. ഓരോ മാസം ചിട്ടി കിട്ടുന്ന ആൾക്കും വ്യത്യസ്ത റിട്ടേൺ ആയിരിക്കും ലഭിക്കുക.
ആദ്യത്തെ ആൾക്ക് 34,55,000 - 43,000 = 34,12,000 രൂപ ലോൺ കിട്ടി. ഇദ്ദേഹം ഇത് 99 മാസം കൊണ്ട് 99 × 43,000 = 42,57,000 രൂപ അടച്ചുതീർക്കണം.
"പലിശ 42,57,000 - 34,12,000 = 8,45,000 രൂപ"
ഇത് വാർഷിക പലിശയായി കണക്കുകൂട്ടുമ്പോൾ
5.6% ശതമാനം പലിശയിൽ ഉള്ള ലോണിന് തുല്ല്യമാണ്. ഇദ്ദേഹത്തിന് ലോണിനെക്കാൾ ലാഭമല്ലേ എന്ന് ചോദിച്ചാൽ ഉത്തരം "ആണ്" എന്നാണ്.
എന്നാൽ ഇത് ആദ്യത്തെ ഒരാളുടെ കഥയാണ്. ചിട്ടിയിൽ ചേർന്നിട്ടുള്ള ലോൺ ആവശ്യമുള്ള എല്ലാവർക്കും ഈ റേറ്റിൽ ലഭിക്കുമോ?
ഇല്ല.
KSFE-യുടെ പരസ്യത്തിൽ പറയുന്നു ഏകദേശം 40 മാസത്തോളം 37,500 ആയിരിക്കും അടവ് എന്ന്. അതായത് ആദ്യത്തെ 40 ചിട്ടി കിട്ടുന്നവർക്ക് ലഭിക്കുന്ന തുക 34,55,000 രൂപയായിരിക്കും.
ഈ കണക്കിൽ നാൽപ്പതാമത്തെ ചിട്ടി ലഭിക്കുന്ന ആളുടെ ലോൺ പലിശ നിരക്ക് കണക്കുകൂട്ടി നോക്കാം.
നാൽപ്പതാമത്തെ മാസം 34,55,000 രൂപ ലഭിക്കുന്നു. ലഭിക്കുന്ന തുക മുഴുവൻ ലോണാണോ?
അല്ല.
എന്തുകൊണ്ട് അല്ല?
40 മാസം അദ്ദേഹം ചിട്ടി അടച്ചിട്ടുണ്ട്: 37,500 × 40 = 15,00,000 രൂപ. ഈ തുകയ്ക്ക് ബാങ്ക് പലിശ എങ്കിലും കണക്കിൽ കൂട്ടണം. അതിനേക്കാൾ എത്ര രൂപ അധികം ചിട്ടിയിൽ നിന്നും ലഭിച്ചോ അതുമാത്രമാണ് ലോൺ.
37,500 രൂപ ഇദ്ദേഹം 6% പലിശയിൽ 40 മാസം RD ഇട്ടാൽ പോലും അതിന്റെ വാല്യൂ 16,60,000 രൂപ ഉണ്ടാകും.
ചിട്ടി കിട്ടിയത് 34,55,000 രൂപ.
ലോൺ = 34,55,000 - 16,60,000 = 1795000 രൂപ.
ഈ തുക 60 മാസം കൊണ്ട് അടച്ചുതീർക്കണം.
46,666 × 60 = 27,99,960.
പലിശ 27,99,960 - 17,95000 = 10,04960 രൂപ.
വാർഷിക പലിശയായി പറഞ്ഞാൽ 18.5% പലിശയ്ക്ക് മുകളിലാണ്.
ഇനി ചിന്തിക്കൂ, ഇദ്ദേഹത്തിന് ലോണിനെക്കാൾ ചിട്ടി ലാഭമായോ? ബേസിക് കണക്ക് അറിയുന്ന നമ്മുടെ നാട്ടിലെ ലോണിന്റെ പലിശ അറിയുന്ന ഒരാളും പറയില്ല, ഇത് ലോണിനെക്കാൾ ലാഭമാണെന്ന്.
ഇവിടെ പലിശയിൽ മാത്രമല്ല ഇദ്ദേഹത്തിന് നഷ്ടം.
ഒരാൾ വീട് വെക്കാനാണ് ഈ ചിട്ടിയിൽ ചേർന്നത്
എന്ന് കരുതുക. ചേരുമ്പോൾ കരുതിയത് "ഞാൻ ആയിരിക്കും ഭാഗ്യവാൻ, എനിക്ക് തന്നെ ആദ്യത്തെ ചിട്ടി ലഭിക്കും" എന്നായിരിക്കും.
എന്നാൽ 40 മാസം ആയി ചിട്ടി കിട്ടിയപ്പോൾ, ആദ്യം വീട് വെക്കാൻ ആവശ്യമായ തുകയേക്കാൾ 20% എങ്കിലും കൂടുതൽ അദ്ദേഹം കണ്ടെത്തേണ്ടതായി വരും.
ഇൻഫ്ലേഷൻ ആണ് ഇവിടെ വില്ലൻ.
35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വീട് പണി തുടങ്ങാൻ 40 മാസം കാത്തിരുന്നാൽ 42 ലക്ഷം രൂപ എങ്കിലും ചിലവാകും (6% ഇൻഫ്ലേഷൻ).
ഇവിടെ നോക്കുക, അദ്ദേഹം ലോൺ എടുത്ത് വീട് വെച്ചിരുന്നുവെങ്കിൽ എറൗണ്ട് 8%-ത്തിന് ലോൺ ലഭിക്കുകയും. വീടിന്റെ പണി എസ്റ്റിമേറ്റ് തുകയിൽ തീരുകയും ചെയ്യുമായിരുന്നു.
എന്നാൽ ചിട്ടി ലോണിനെക്കാൾ ലാഭം എന്ന് കരുതി ചിട്ടിയിൽ ചേർന്നിട്ട് കിട്ടിയത് 18.5% മുകളിൽ പലിശയിൽ ഉള്ള ലോണും, ഇൻഫ്ലേഷൻ മൂലം ഉള്ള നഷ്ടവും.
ഇതാണ് ലോണിനെക്കാൾ ലാഭമാണ് ചിട്ടി എന്നതിന്റെ അവസ്ഥ.
ചിട്ടിയിൽ ചേരുന്ന വളരെ കുറച്ച് ഭാഗ്യവാൻമാർക്ക് മാത്രമായിരിക്കും ചിട്ടി ലോണിനെക്കാൾ ലാഭമാക്കുക. അല്ലാതെ ചിട്ടിയിൽ ചേരുന്ന ലോൺ ആവശ്യമുള്ള എല്ലാവർക്കു ലോണിനെക്കാൾ ചിട്ടി ലാഭം ആകില്ല.
ആദ്യത്തെ 40 മാസത്തിൽ നിങ്ങൾക്ക് ചിട്ടി കിട്ടാനുള്ള സാധ്യത 40% മാത്രമാണ്. ഈ 40%-ത്തിൽ ഉൾപ്പെട്ടാൽ പോലും ചിട്ടി ലോണിനെക്കാൾ ലാഭമാകില്ല.
ബാക്കിയുള്ള 60%-ത്തിന്റെ അവസ്ഥ താല്പര്യമുള്ളവർക്ക് സ്വയം കണക്കുകൂട്ടി നോക്കാം.
ചിട്ടി ലോണിനെക്കാൾ ലാഭമാകുന്ന വളരെ കുറച്ച് ആളുകളെ മുന്നിൽ വെച്ച് മറ്റുള്ളവരെ കുഴിയിൽ ചാടിക്കുകയാണ് ഇവിടെ നടക്കുന്നത്.
ഇതിൽ അഭിപ്രായ വ്യത്യാസമുള്ള ഏതെങ്കിലും ചിട്ടി ഏജന്റോ, ചിട്ടി ലോണിനെക്കാൾ ലാഭമാണ് എന്ന് അഭിപ്രായമുള്ളവർക്കോ, കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തിൽ അത് പറയാവുന്നതാണ്.
ചോദ്യം ഇതാണ്
100 ആളുള്ള 100 മാസത്തെ ചിട്ടിയിൽ എത്ര ശതമാനം ആളുകൾക്ക് "8% എങ്കിലും പലിശ യിൽ ചിട്ടി ലഭിക്കും?"
20%-ത്തിൽ താഴെയുള്ള ഭാഗ്യവാൻമാർക്ക് മാത്രമായിരിക്കും ചിട്ടി ലോണിനെക്കാൾ ലാഭമാക്കുക. എന്നിട്ട് ചിട്ടിയെ മൊത്തത്തിൽ ലോണിനെക്കാൾ ലാഭം എന്ന് പറയുന്നത് പച്ചക്കള്ളമോ അറിവില്ലായ്മയോ ആണ്.
സാധാരണ ആളുകൾ പലപ്പോഴും ചിട്ടി ലോണിനെക്കാൾ ലാഭമാണ് എന്ന് കരുതാൻ മറ്റൊരു കാരണം കൂടിയുണ്ട്.
ഹോം ലോൺ എടുക്കും തിരിച്ചടവ് കാലാവധി 20 ഓ 25 വർഷമോ ആയിരിക്കും, 25 വർഷത്തെ പലിശയെ, 5 വര്ഷത്തിലോ ,8 വര്ഷത്തിലോ അടച്ചു തീർക്കുന്ന ചിട്ടിയും ആയി താരതമ്യം ചെയ്യും, എന്നിട്ടു സ്വയം സമാധാനിക്കും, ചിട്ടിയിൽ ലോണിനെക്കാൾ ലാഭം കിട്ടി എന്ന്.
എന്നാൽ ചിട്ടി തീർക്കുന്നത് പോലെ ലോൺ വേഗത്തിൽ തീർത്താൽ അടയ്‌ക്കേണ്ടി വരുന്ന പലിശയെ കുറിച്ച് യാതൊരു ധാരണയും ഉണ്ടാവുകയും ഇല്ല.
ഇങ്ങനെയുള്ള തെറ്റായ താരതമ്യത്തെ ചിട്ടി കമ്പനി പരമാവധി മുതലാക്കുകയും ചെയ്യും.
NB: കണക്കുകൾ എഴുത്തിന്റെ ഒഴുക്കിനുവേണ്ടി റൗണ്ട് ഫിഗറായി ആണ് നൽകിയിട്ടുള്ളത്. എഴുത്തിൽ എവിടെയെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ തിരുത്താം. നന്ദി.
Covering financial markets, commodity rates, and practical technology insights for India. Researched and fact-checked in accordance with our Editorial Policy.
Related & Trending Stories
Recommended based on your reading interest



